
യു എ ഇ - യില്‍ വന്ന കാലത്തെ ഒരു സൗഹൃദ സന്ദര്‍ശനം...ശകടം സ്വന്തമായില്ലാത്ത ഞങ്ങള്‍, ഇപ്പറഞ്ഞത് സ്വന്തമായുള്ള ബന്ധുകുടുംബത്തിനൊപ്പം തലസ്ഥാനനഗരിയിലേയ്ക്കാണ്, സന്ദര്‍ശനത്തിനായി തിരിച്ചത്. ഞങ്ങളെ കൊണ്ടുപോകുന്ന ബന്ധുക്കളുടെ മറ്റു ചില ബന്ധുഗൃഹങ്ങള്‍ അവിടെയുണ്ട്. അവിടങ്ങളിലാണ് പ്രാതല്‍, ഉച്ചഭക്ഷണം എന്നിവയ്ക്കായി പ്രതീക്ഷയര്‍പ്പിച്ചിക്കുന്നത്. കൂട്ടത്തില്‍, ഉച്ചയൂണിനായി ലക്‌ഷ്യം വെച്ചിരിക്കുന്ന ഗൃഹത്തിലെ ബന്ധുവിനെക്കുറിച്ചായിരുന്നു, യാത്രയിലുടനീളം അവര്‍ സംസാരിച്ചിരുന്നത്. തലച്ചോറില്‍ അസാധാരണമാംവിധം ചുളിവുകളും, വളവുകളും കൂടുതലുള്ളയാള്‍. ചെറുപ്പത്തിലേ ഇവ ഉപയോഗിച്ച് പൊന്നരിവാളുകൊണ്ടങ്ങു വിജയം കൊയ്ത് തുടങ്ങി (കൊയ്തെടുത്ത ഈ വിളവ് സൂക്ഷിച്ചിരിക്കുന്ന പത്തായപ്പുര എങ്ങനെയിരിക്കും, ദൈവമേ?) അങ്ങനെ, കൊയ്തു കൊയ്ത് അവസാനം ഇവിടെയെത്തി. ഒരു പ്രശസ്ത ബാങ്കിന്റെ ഉന്നതപദവിയില്‍ ഉപചാരപൂര്‍വ്വം ഉപവസിക്കുന്നു ('ഉ'കള്‍ പ്രാസഭംഗിയ്ക്കായി 'ഉ'ള്‍പ്പെടുത്തിയതെന്ന് 'ഉ'വാച). ഫ്ലാറ്റ് ബാങ്കിന്റെ വക, കാര്‍ ബാങ്കിന്റെ വക, ഗൃഹോപകരണങ്ങള്‍ ബാങ്കിന്റെ വക, രണ്ടു മക്കള്‍ മാത്രമേയുള്ളൂ (അവര്‍ ബാങ്കിന്റെ വകയല്ല, സ്വന്തം വക), ശമ്പളമാണെങ്കില്‍ ഇഷ്ടം പോലെ...ഇങ്ങനെ പോയി, വിവരണങ്ങള്‍!
അങ്ങനെ, ഉച്ചയാവുമ്പോഴേയ്ക്ക് മറ്റു വീടുകളിലെ 'പറയെടുപ്പ്' കഴിഞ്ഞ്, മേല്‍പ്പറഞ്ഞ അത്ഭുതലോകത്തെത്തി. വിവരണത്തേക്കാളുമപ്പുറമായിരുന്നു സ്ഥിതി. ആര്‍ഭാടകരമായി അലങ്കരിച്ച അകത്തളങ്ങള്‍ ('അ'കള്‍ മേല്പറഞ്ഞതുപോലെ)! വേലക്കാരിയ്ക്കുള്ള മുറിയടക്കം, നാല് വിശാലമായ മുറികള്‍, വലിയ സ്വീകരണമുറി, ഊണുമുറി എന്നിവ വേറെയും. കുട്ടികളുടെ മുറിയില്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, സ്ലൈഡര്‍ തുടങ്ങിയ കളിസംവിധാനങ്ങള്‍. മുറി കാണുമ്പോള്‍ കുട്ടികളുടെതെന്നു തോന്നുമെങ്കിലും, കുട്ടികളെ കണ്ടാല്‍ ഇവര്‍ കുട്ടികളാണോ എന്നൊരു സംശയം തോന്നും. രൂപവും, പ്രായവും അതുതന്നെ. പക്ഷെ, ഭാവം വിരക്തി ബാധിച്ച മധ്യവയസ്സിന്റെതാണ്. കട്ടിക്കണ്ണട, ചിരിയില്ലാത്ത മുഖം, നിഷ്ക്കളങ്കത...ങേഹേ...മഷിയിട്ടാല്‍ പോലും കണ്ടുകിട്ടില്ല.
ഗൃഹനാഥനായ പ്രധാന കഥാപാത്രത്തെ ഞാനൊരു നിമിഷം "നല്ലതുപോലൊന്നു" ശ്രദ്ധിച്ചു. കൂത്തില്‍ പറയുന്നതുപോലെ "എന്താ കഥ!" അദ്ദേഹമോ, ഇദ്ദേഹം? ആ മുഖത്ത് കൃത്രിമമായി, കഷ്ടപ്പെട്ടുവരുത്തിയ ചിരി മായാന്‍ ടീവിയിലെ ഫ്ലാഷ് ന്യൂസിന്റെ വേഗത പോലും വേണ്ടിവന്നില്ല. ബന്ധുകുടുംബം ഞങ്ങളെ പരിചയപ്പെടുത്തി. യെവിടുന്ന്? അദ്ദേഹത്തിനീ വക നിസ്സാരകാര്യങ്ങളൊന്നും വിഷയമെയല്ലെന്ന്. അദ്ദേഹം മെല്ലെ നടന്ന്, "എന്റെ വിലപ്പെട്ട സമയം കുറച്ചു നിങ്ങള്‍ക്കും തരാം" എന്ന മട്ടില്‍ വിശാലമായ സോഫയില്‍ ഉപവിഷ്ടനായി, ചുറ്റുമുള്ള ഇരിപ്പിടങ്ങളില്‍ ഞങ്ങളും. ഞങ്ങളുടെ കൂടെയുള്ള കുടുംബത്തിലെ സഹോദരന്‍ സംസാരം തുടങ്ങി, ഓഹരികളെക്കുറിച്ചാണ്. അത് നമ്മുടെ ബുദ്ധിമാന് 'ക്ഷ' ബോധിച്ചു. അദ്ദേഹം വളരെ വേഗംതന്നെ ഫോമിലെത്തി. ഇന്ത്യയും, ഏഷ്യയും കടന്ന്, അമേരിക്കന്‍ ഓഹരിവിപണി വരെ പ്രഭാഷണത്തില്‍ ഗ്ലോബുകണക്കെ വലം വെയ്ക്കുമ്പോള്‍, ശ്രോതാക്കളായി ഞങ്ങള്‍ തല കുലുക്കിയും, ആട്ടിയും, മൂളിയും, നല്ല അഭിനയം കാഴ്ചവെച്ചു. തല കുലുക്കിക്കുലുക്കി കഴുത്ത് വേദനിച്ചുതുടങ്ങിയപ്പോള്‍, ഞാന്‍ പതുക്കെ സ്ത്രീപക്ഷത്തെയ്ക്ക് മുങ്ങി.
അവിടെ ബാലപരിരക്ഷയാണ് വിഷയം. 3:1 എന്ന അനുപാതത്തില്‍ ആംഗലേയവും, മലയാളവും ഇടകലര്‍ത്തി, മുഖത്ത് മാതൃകാപരമായി കുട്ടികളെ വളര്‍ത്തുന്ന അഭിമാനം നിറച്ചുവെച്ച് ഗൃഹനാഥ, ഉദാഹരണസഹിതം ആ അഭിമാനം പങ്കുവെയ്ക്കുകയാണ്. അവരുടെ ഒരു സുഹൃത്തിന്റെ കൊച്ചുകുഞ്ഞ് രണ്ടുദിവസം അവിടെ താമസിക്കുകയുണ്ടായത്രേ. അവള്‍ ടോയ്‌ലറ്റ് ഉപയോഗിച്ചശേഷം പുറത്തെത്തിയപ്പോള്‍, കണ്ണടക്കാരി കുഞ്ഞ് ചൂണ്ടുവിരല്‍ വിറപ്പിച്ചു ചോദിച്ചുവത്രേ - "നീ ഫ്ലഷ് ഉപയോഗിച്ചോ? ഇല്ലെങ്കില്‍ ഫ്ലഷ് ഉപയോഗിച്ചശേഷമേ പുറത്തുകടക്കാവൂ" എന്ന് (ഇത്രയും മൊഴിഞ്ഞത് മലയാളത്തിലോ? ഛെ, മോശം...മോശം....തികഞ്ഞ ആംഗലേയത്തിലെന്നേ..) ഇപ്പറഞ്ഞ കണ്ണടക്കാരി കുഞ്ഞിനു പ്രായം ഏകദേശം രണ്ടര വയസ്സില്‍ കൂടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഈ അസാമാന്യസംഭവം പങ്കുവെച്ചുകഴിഞ്ഞ്, ഗൃഹനാഥയുടെ മുഖത്തുണ്ടായ ആ പരമാനന്ദം, ആ നിര്‍വൃതി - അതൊന്നു കാണേണ്ടതുതന്നെയായിരുന്നു.
ഇതിനിടെയുണ്ടായി മറ്റൊരു രസം. ഞങ്ങളുടെ കൂടെയുള്ള ബന്ധുകുടുംബത്തിലെ കുട്ടി, അവന്‍ ലോകൈക കുസൃതിയാണ്. അവന്റെ കയ്യില്‍ സാമാന്യം വലിയ ഒരു പന്തുമുണ്ട്. ആ പന്തിനു ചലിക്കാന്‍ വിശാലമായ സ്വീകരണമുറി ധാരാളം. എങ്കിലും, "ഓഹരി"പ്രഭാഷകന്റെയും, "ബാലപരിരക്ഷ"പ്രഭാഷകയുടെയും, കണ്ണടക്കുഞ്ഞുങ്ങളുടെയും കണ്ണുകള്‍ ഭീതിയോടെയായിരുന്നു, ആ പന്തിനു പുറകെ സഞ്ചരിച്ചിരുന്നത്. കാരണം, അളന്നുമുറിച്ചാണ് അവിടുത്തെ ഓരോ സാധനങ്ങളും ക്രമീകരിച്ചുവെച്ചിരിക്കുന്നത്. എന്തിനു സാധനങ്ങളെമാത്രം പരാമര്‍ശിക്കുന്നു, കുഞ്ഞുങ്ങള്‍ വരെ അളന്നുമുറിച്ച ദൂരം പാലിച്ച് പട്ടാളമുരയിലാണ് നടക്കുന്നത്. ഏതായാലും, ഉച്ചഭക്ഷണം എങ്ങനെയോ കഴിച്ചുകൂട്ടി, അവിടെനിന്നും പുറത്തുകടക്കുമ്പോള്‍ ഒരു ദീ....ര്‍ഘനിശ്വാസം ഞങ്ങളില്‍നിന്നും ഉതിര്‍ന്നു. അതുതന്നെ അവരില്‍നിന്നും പൊഴിഞ്ഞിട്ടുണ്ടാകണം, തീര്‍ച്ച!
**********